| 1 | |
| 2 | #തുത്യേക്സി# |
| 3 | |
| 4 | ഞാൻ ആലീസിന് ഉറപ്പു കൊടുത്തിരുന്നല്ലോ, ചൊവ്വയിലേക്ക് കൊണ്ടുപോകാമെന്ന്. അവിടെ ഒരു |
| 5 | കോണ്‍ഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൊണ്ടുപോയി. |
| 6 | |
| 7 | ഒരു കുഴപ്പവും കൂടാതെ ഞങ്ങൾ ചൊവ്വയിലിറങ്ങി. ഭാരമില്ലാത്ത അവസ്ഥ അത്ര സുഖമുള്ളതൊന്നുമല്ല. |
| 8 | എനിക്കത് ഇഷ്ടവുമല്ല. അതുകൊണ്ട് ഞാൻ ബെൽറ്റഴിക്കാതെ സീറ്റിലിരുന്നേയുള്ളു. പക്ഷേ, ആലീസിന് |
| 9 | രസായി. അവൾ കപ്പലിലാകെ പാറി. ഒരിക്കലവളെ കണ്ട്രോൾ ഡക്കിന്റെ തട്ടിൽ നിന്ന് |
| 10 | പിടിച്ചുവലിക്കേണ്ടി വന്നു. അവൾ ചുവന്ന ബട്ടണ്‍ അമർത്താൻ പോയി. അടിയന്തരാവശ്യത്തിന് |
| 11 | ബ്രേക്കിടാനുള്ളതാണത്. പക്ഷെ, പൈലറ്റുമാർ അവളോട് ദേഷ്യപ്പെട്ടില്ല. |
| 12 | |
| 13 | ചൊവ്വയിലെത്തിയശേഷം ആദ്യം പട്ടണം ചുറ്റിക്കണ്ടു. പിന്നീട് ടൂറിസ്റ്റുകളുടെ കൂടെ മരുപ്രദേശത്ത് |
| 14 | പോയി. വൻ ഗുഹകൾ കണ്ടു. എല്ലായ്പ്പോഴും ആലീസിന്റെ കൂടെ നില്ക്കാൻ എനിക്ക് |
| 15 | പറ്റുമായിരുന്നില്ല. ഒരുപാട് പണിയുണ്ട്. ഞങ്ങളുടെ ഒട്ടേറെ സ്പെഷ്യലിസ്റ്റുകൾ ചൊവ്വയിൽ |
| 16 | പണിയെടുക്കുന്നുണ്ട്. ചൊവ്വക്കാരുടെ സഹായത്തോടെ അവിടെ ഭൂമിയിലേതിന് സദൃശ്യമായ ഒരു പട്ടണം |
| 17 | ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഡോമിനകത്താണത്. അവിടെ ഭൂമിയിലെ അന്തരീക്ഷമാണ്. ഭൂമിയിലെ |
| 18 | മരങ്ങളും ചെടികളും വളരുന്നു. ഭൂമിയിൽനിന്ന് കുട്ടികളെ വിനോദയാത്രക്കായി അങ്ങോട്ട് |
| 19 | കൊണ്ടുപോകാറുണ്ട്. പുറത്തുള്ള പ്രധാന നഗരത്തിലേക്ക് പോകുമ്പോൾ സ്പേസ് സൂട്ട് ധരിക്കണം. |
| 20 | പുറത്തുള്ള ഓക്സിജൻ നമുക്ക് മതിയാവില്ല. സ്പേസ് സൂട്ടിൽ ഓക്സിജനുണ്ട്. |
| 21 | |
| 22 | 'ഭൂനഗര'ത്തിലാണ് സ്കൂൾ. താത്യാന പെത്രോവ്ന -- അതാണ് ടീച്ചറുടെ പേര് -- പറഞ്ഞു: "ഒട്ടും |
| 23 | പരിഭ്രമം വേണ്ട." ആലീസും അതുതന്നെ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ചെല്ലാമെന്ന് പറഞ്ഞ് ഞാൻ |
| 24 | പോന്നു. |
| 25 | |
| 26 | മൂന്നാം ദിവസം ആലീസ് അപ്രത്യക്ഷയായി! എന്ന് പറഞ്ഞാൽ, അവളെ കാണാനില്ലാതായി. തികച്ചും |
| 27 | അസാധാരണമായവിധത്തിൽ. ആദ്യമേ പറയട്ടെ, ഈ ബോർഡിങ്ങ് സ്കൂളിന്റെ ചരിത്രത്തിൽ ഇതേവരെ |
| 28 | ഇങ്ങനെ സംഭവമുണ്ടായിട്ടില്ല. പത്ത് മിനിട്ട് നേരത്തേക്ക് ഒരാളെ കാണാതാകുക എന്നത് |
| 29 | സാധ്യമല്ല. ചൊവ്വയിൽ, പ്രത്യേകിച്ച് പട്ടണത്തിൽ അപ്രത്യക്ഷമാവുക എന്നത് അസാധ്യമാണ്. |
| 30 | പ്രത്യേകിച്ച് ഭൂമിയിൽ നിന്നുള്ള ഒരു കുട്ടി, സ്പേസ് സൂട്ട് ധരിച്ച കുട്ടി. അതിനെ കാണുന്ന |
| 31 | ആദ്യത്തെ ചൊവ്വക്കാരൻ തന്നെ തിരിച്ച് സ്കൂളിൽ കൊണ്ടുവന്നാക്കും. പോരാത്തതിന് |
| 32 | റോബോട്ടുകളില്ലേ? സെക്യൂരിറ്റി സർവീസില്ലേ? സംശയമില്ല. ചൊവ്വയിൽ അപ്രത്യക്ഷമാകാൻ |
| 33 | പറ്റില്ല. |
| 34 | |
| 35 | പക്ഷെ, ആലീസ് അപ്രത്യക്ഷയായിരിക്കുന്നു. |
| 36 | |
| 37 | രണ്ടു മണിക്കൂറായി അവളെ കാണാനില്ലാണ്ടായിട്ട്. അതിനുശേഷമാണ് അവരെന്നെ വിവരം |
| 38 | അറിയിച്ചത്. ഞാൻ ഒരു കോണ്‍ഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നെ |
| 39 | കൊണ്ടുപോകാനായി ചൊവ്വാവിമാനം വന്നിരുന്നു. ഞാൻ ഭൂനഗരത്തിൽ പ്രവേശിച്ചപ്പോൾ, അതുവരെ |
| 40 | ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്ന എല്ലാവരും നിശബ്ദരായി -- എന്നോട് സഹതപിച്ചുകൊണ്ട്. |
| 41 | ഞാനാകെ പരിഭ്രമിച്ച് വിവശനായിരുന്നു. എല്ലാവരും, ബോർഡിങ്ങ് സ്കൂളിലെ എല്ലാ അധ്യാപകരും |
| 42 | മറ്റു ജോലിക്കാരും, നക്ഷത്രാന്തര പൈലറ്റുകൾ, പുരാവസ്തു ഗവേഷകർ, ജീവൻ രക്ഷാസേനയുടെ |
| 43 | മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട് |
| 44 | അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)... എല്ലാവരും അവിടെ ഉണ്ടായിരുന്നു. |
| 45 | |
| 46 | കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിലെ ടെലിവിഷൻ കേന്ദ്രം മുമ്മൂന്നു മിനിറ്റു കൂടുമ്പോൾ ഈ |
| 47 | വാർത്ത പ്രക്ഷേപിച്ചുകൊണ്ടിരിക്കയായിരുന്നത്രേ: ഭൂമിയിൽ നിന്ന് വന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ |
| 48 | കാണാതായിരിക്കുന്നു. ചൊവ്വയിലുള്ള എല്ലാ വീഡിയോ ഫോണുകളും അലാറം സിഗ്നലുകളയക്കാൻ |
| 49 | തുടങ്ങി. എല്ലാ സ്കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു. കുട്ടികളും അധ്യാപകരും എല്ലാം |
| 50 | ചുറ്റുവട്ടത്തും നഗരപ്രാന്തങ്ങലിലുമുള്ള തെരച്ചിലിൽ ഏർപെട്ടു. |
| 51 | |
| 52 | ആലീസും കൂട്ടുകാരും കൂടി നടക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാർ മടങ്ങിയെത്തിയപ്പോൾ |
| 53 | മാത്രമാണ് ആലീസിനെ കാണാനില്ലെന്നറിഞ്ഞത്. അത് കഴിഞ്ഞ് രണ്ടു മണിക്കൂറിലധികമായി. |
| 54 | അവളുടെ സ്പേസ് സൂട്ടിലെ ഓക്സിജൻ കഷ്ടിച്ച് മൂന്നുമണിക്കൂർ നേരത്തേക്കേ മതിയാകൂ. |
| 55 | |
| 56 | സ്കൂളിന്റെ ആളൊഴിഞ്ഞ മൂലകളിൽ നോക്കിയോ എന്നു ചോദിച്ചു. അവളുടെ സ്വഭാവമതാണ്. വല്ല |
| 57 | പച്ചത്തുള്ളനെയോ മറ്റോ കണ്ട് അതിനെയും നോക്കി ഇരിക്കുന്നുണ്ടാകും. |
| 58 | |
| 59 | പട്ടണത്തിൽ നിലവറകളൊന്നുമില്ല. എല്ലാ മുക്കും മൂലയും തെരഞ്ഞു നോക്കി. എവിടെയും |
| 60 | കാണാനില്ല, അവർ പറഞ്ഞു. ചൊവ്വാസർവകലാശാലയിലെ കുട്ടികൾക്ക് അത്തരം സ്ഥലങ്ങളെല്ലാം |
| 61 | ഉള്ളംകയ്യിലെ വരകൾ പോലെ തിട്ടമാണ്. |
| 62 | |
| 63 | എനിക്ക് ആലീസിനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഇനി ഇപ്പോ അവള് വരുമ്പോ, |
| 64 | പച്ചപ്പാവത്തിനെപ്പോലെ, അയ്യോ ഞാനോന്നുമറിഞ്ഞില്ലേ എന്ന ഭാവമായിരിക്കും! ആവശ്യല്യാണ്ടെ |
| 65 | ഇവിടെവന്ന് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. മണൽ കൊടുങ്കാറ്റ് അടിച്ച പ്രതീതിയാണ് |
| 66 | പട്ടണത്തിൽ. എല്ലാവരും, ചോവ്വക്കാരും ഭൂമിയിൽ നിന്ന് വന്നവരും എല്ലാവരും, തങ്ങളുടെ |
| 67 | പണിനിർത്തി അന്വേഷണത്തിലാണ്. സുരക്ഷാസേനയിലെ എല്ലാവരും അന്വേഷണത്തിനിറങ്ങിയിരിക്കുന്നു. |
| 68 | സമയം കഴിയുന്തോറും എന്റെ പരിഭ്രമം കൂടിക്കൂടി വരാൻ തുടങ്ങി. ഇത് കുറച്ച് കടുത്ത |
| 69 | സാഹസമായിപ്പോയി. സംഗതി കുഴപ്പമാകുമോ? |
| 70 | |
| 71 | അന്വേഷണ സംഘങ്ങളിൽ നിന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നു. "രണ്ടാം ചൊവ്വാഗ്രാമർ സ്കൂളിലെ |
| 72 | വിദ്യാർഥികൾ സ്റ്റേഡിയം മുഴുവൻ പരതി, ആലീസില്ല." ചൊവ്വാ ചോക്കളറ്റ് ഫാക്ടറി |
| 73 | റിപ്പോർട്ട് ചെയ്യുന്നു: അതിന്റെ ചുറ്റുവട്ടത്തൊന്നും ഒരു കുഞ്ഞിനെയും കണ്ടിട്ടില്ല... |
| 74 | |
| 75 | "അവൾ മരുപ്രദേശത്ത് ചെന്നുപെട്ടിരിക്കുമോ?" എനിക്ക് ഭയമായി. "നഗരത്തിൽ എവിടെ ആയാലും |
| 76 | ഇതിനകം കണ്ടുപിടിക്കുമായിരുന്നു. ചൊവ്വയിലെ മരുപ്രദേശങ്ങളുടെ കഥ അതല്ല! പോയി നോക്കാത്ത |
| 77 | ഒട്ടേറെ ഭാഗങ്ങളുണ്ട്. വഴി തെറ്റി അവിടെ ചെന്നുപെട്ടാൽ പത്തു കൊല്ലം കഴിഞ്ഞാലും |
| 78 | കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല... പക്ഷെ തൊട്ടടുത്തുള്ള മരുപ്രദേശത്തൊന്നും അവളെ |
| 79 | കാണാനില്ലല്ലോ..." |
| 80 | |
| 81 | "അതാ, അവളെ കണ്ടെത്തി!" നീലക്കുപ്പായമിട്ട ഒരു ചൊവ്വക്കാരൻ വിളിച്ചലറി. അയാൾ തന്റെ |
| 82 | പോക്കറ്റ് ടി വി സെറ്റിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. |
| 83 | |
| 84 | "എവിടെ? എവിടെ? എങ്ങനെ?" |
| 85 | |
| 86 | നാലുപുറത്തുനിന്നും ചോദ്യങ്ങളുതിർന്നു. |
| 87 | |
| 88 | "മരുപ്രദേശത്ത് അങ്ങ് 250 കിലോമീറ്റർ ഉള്ളിൽ." |
| 89 | |
| 90 | "ഇരുന്നുറ്റമ്പത് കിലോമീറ്ററോ?" |
| 91 | |
| 92 | "പ്രതീക്ഷിച്ചതുതന്നെ" ഞാൻ ചിന്തിച്ചു. "അവർക്ക് എന്റെ ആലീസിനെ അറിയില്ല. ഇങ്ങനെ |
| 93 | എന്തെങ്കിലും ഒപ്പിച്ചില്ലെങ്ങിലേ അദ്ഭുതമുള്ളു." |
| 94 | |
| 95 | "അവൾക്ക് യാതൊരസുഖവുമില്ല. വേഗം ഇവിടെ എത്തും." |
| 96 | |
| 97 | "പക്ഷെ, അവൾ എങ്ങനെയാ അവിടെ എത്തിയത്?" |
| 98 | |
| 99 | "പോസ്റ്റൽ ജെറ്റ് വിമാനത്തിൽ." |
| 100 | |
| 101 | "എന്റമ്മേ!" താത്യാന പെത്രോവ്ന വിതുമ്പാൻ തുടങ്ങി. മറ്റാരെക്കാളും വിഷമം |
| 102 | അവർക്കായിരുന്നു. എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു. |
| 103 | |
| 104 | "ഞങ്ങൾ പോസ്റ്റാപ്പീസിന്റെ സൈഡിൽ കൂടെ നടക്കായിരുന്നു. അവർ റോബോട്ട് ജെറ്റ് വിമാനത്തിൽ |
| 105 | സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ദിവസം നൂറു തവണ കാണണതാണല്ലോ. അതോണ്ട് ഞാൻ |
| 106 | ശ്രദ്ധിച്ചതേയില്ല." |
| 107 | |
| 108 | പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ചൊവ്വക്കാരൻ പൈലറ്റ് ആലീസിനെയും കൊണ്ടെത്തി. |
| 109 | |
| 110 | "ഞാൻ കത്തു വല്ലതുമുണ്ടോയെന്ന് നോക്കാൻ അതിൽ കയറിയതാണ്." ആലീസ് പറഞ്ഞു. |
| 111 | |
| 112 | "എന്തു കത്ത്?" |
| 113 | |
| 114 | "അച്ഛനല്ലേ പറഞ്ഞത്, അമ്മ കത്തെഴുതുംന്ന്. കത്തുണ്ടോ എന്ന് നോക്കാനായി അകത്തു കടന്നതാ." |
| 115 | |
| 116 | "നീയതിന്റെ അകത്തുകടന്നു?" |
| 117 | |
| 118 | "പിന്നല്ലാണ്ടെ, വാതിൽ തുറന്നുകിടക്കയായിരുന്നു. അതിനകത്ത് ഒരുപാടു കത്തുണ്ടായിരുന്നു." |
| 119 | |
| 120 | "എന്നിട്ട്?" |
| 121 | |
| 122 | "ഞാനകത്ത് കടക്കേണ്ട താമസം, വാതിലുകളടഞ്ഞ് ജറ്റങ്ങ് ഉയരാൻ തുടങ്ങി. ഏത് ബട്ടണ്‍ |
| 123 | അമർത്തിയാലാണാവോ അത് നില്ക്കുക. ഓരോന്നോരോന്നായി അമർത്താൻ തുടങ്ങി. അവസാനത്തെ ബട്ടണ്‍ |
| 124 | അമർത്തിയപ്പോൾ ജറ്റ് താഴെയിറങ്ങി. വാതിൽ താനെതുറന്നു. ഞാൻ പുറത്ത് കടന്നപ്പോൾ നാലു |
| 125 | പുറോം മണലന്നെ മണല്‍. താത്യാന പെത്രോവ്നയുമില്ല, കുട്ടികളുമില്ല." |
| 126 | |
| 127 | "എമർജൻസി ലാൻഡിങ്ങിനുള്ള ബട്ടണാണ് അവൾ അമർത്തിയത്." നീലക്കുപ്പായക്കാരനായ |
| 128 | ചൊവ്വാക്കാരൻ അദ്ഭുതത്തോടെ പറഞ്ഞു. |
| 129 | |
| 130 | "ആദ്യം ഞാൻ കുറച്ചു കരഞ്ഞു. പിന്നെ തീർച്ച്യാക്കി വീട്ടിലേക്ക് പോകാംന്ന്." |
| 131 | |
| 132 | "ഏത് വഴിയാ വീട്ടിലേക്ക് പോകാ എന്ന് എങ്ങനെയാ നിശ്ചയിച്ചത്." |
| 133 | |
| 134 | "അതിനടുത്ത് ചെറിയൊരു കുന്നുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിനോക്കാം എന്നു വിചാരിച്ചു. |
| 135 | കുന്നിന്റെ മുകളിൽനിന്ന് ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. കുന്നിന്റെ പള്ളക്ക് ഒരു |
| 136 | വാതിലുണ്ടായിരുന്നു. അത് തുറന്ന് ഞാൻ ആ മുറിക്കകത്ത് കയറിയിരുന്നു." |
| 137 | |
| 138 | "എന്ത് വാതിൽ." ചൊവ്വാക്കാരൻ അദ്ഭുതപ്പെട്ടു. "ആ പ്രദേശത്ത് വെറും മണലുമാത്രമേ ഉള്ളു." |
| 139 | |
| 140 | "അല്ല, അവിടെ ഒരു വാതിലുണ്ടായിരുന്നു. ഒരു മുറിയിൽ. മുറിക്കകത്ത് ഒരു വലിയ |
| 141 | കല്ലുണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡിനെപ്പോലെ. പക്ഷെ, ചെറുതാണെന്നുമാത്രം. അച്ഛൻ |
| 142 | അന്ന് ഒരു പുസ്തകം കാണിച്ചുതന്നില്ലേ, 'പിരമിഡിന്റെ നാട്ടിൽ' അതിലെ ചിത്രം പോലെ." |
| 143 | |
| 144 | ചൊവ്വക്കാരനെയും ചീഫ് നസര്യാനെയും സംബന്ധിച്ചിടത്തോളം തികച്ചും പുത്തനായ ഒരു വിവരമാണ് |
| 145 | ആലീസിന്റെ വായിൽനിന്ന് വീണത്. |
| 146 | |
| 147 | "തുത്യേക്സി!" രണ്ടുപേരും ഒപ്പം വിളിച്ചുകൂകി. "എവിടെയാണ് ഈ കുട്ടിയെ കണ്ടത്? ആ സ്ഥാനം |
| 148 | ഒന്ന് പറയണം." |
| 149 | |
| 150 | അവിടെ ഉണ്ടായിരുന്നവരിൽ പകുതിപ്പേർ ആവി പോലെ അപ്രത്യക്ഷമായി. |
| 151 | |
| 152 | ആലീസിന് തിന്നാനായി കുറെ കേക്കും പഴങ്ങളും താത്യാന പെത്രോവ്ന തന്നെ കൊണ്ടുവന്നു. |
| 153 | എന്നിട്ടവർ ചൊവ്വയുടെ പൂർവചരിത്രം പറഞ്ഞു. പണ്ട്, പണ്ട് ആയിരക്കണക്കിന് കൊല്ലം മുമ്പെ |
| 154 | ചൊവ്വയിൽ ഏറെ അറിയപ്പെടാത്ത ഒരു സംസ്കാരം ഉണ്ടായിരുന്നു -- 'തുത്യേക്സി സംസ്കാരം.' |
| 155 | അവശിഷ്ടങ്ങളായി കല്ലുകൊണ്ടുള്ള കൊച്ചു പിരമിഡുകൾ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു. മറ്റൊന്നും |
| 156 | കണ്ടിട്ടില്ല. അവരുടെ വീടുകൾ എങ്ങനെ ആയിരുന്നു? നഗരങ്ങൾ എങ്ങനെ ആയിരുന്നു? എന്താണ് |
| 157 | കൃഷിചെയ്തിരുന്നത്? ഒന്നും അറിയാമായിരുന്നില്ല. ഭൂമിയിൽനിന്നും ചൊവ്വയിൽനിന്നുമുള്ള |
| 158 | പുരാവസ്തുഗവേഷകർ ഏറെ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആലീസ് ആണ് ആകസ്മികമായ ഒരു |
| 159 | തുത്യേക്സി കെട്ടിടം കണ്ടെത്തിയത്. |
| 160 | |
| 161 | "അങ്ങനെ മോളേ, നിനക്ക് അവിടേം ഭാഗ്യം! പക്ഷെ, ഇത്രമതി. ഇനിവേണ്ട. ഞാൻ നിന്നെ |
| 162 | വീട്ടിൽ കൊണ്ടാക്കാൻ പോകയാണ്. അവിടെ എത്രവേണമെങ്ങിൽ തെണ്ടിനടന്നോ. സ്പേസ് സൂട്ടിന്റെ |
| 163 | ആവശ്യവുമില്ല!" |
| 164 | |
| 165 | "എനിക്കും അതാ ഇഷ്ടം." ആലീസ് പറഞ്ഞു. |
| 166 | |
| 167 | രണ്ടുമാസത്തിനുശേഷം റൗണ്ട് ദ വേൾഡ് എന്ന മാസികയിൽ ഒരു ലേഖനം കാണാനിടയായി. അതിന്റെ |
| 168 | ശീർഷകം ഇതായിരുന്നു. തുത്യേക്സികൾ കാണാൻ എങ്ങനെയായിരുന്നു? "ചൊവ്വയിലെ മരുപ്രദേശത്ത്, |
| 169 | തുത്യേക്സി സംസ്കാരത്തിന്റെ അമൂല്യമായ ഒരു സ്മാരകം അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്നു." |
| 170 | അതിൽ എഴുതിയിരുന്നു. "പിരമിഡിലുള്ള എഴുത്തുകൾ എന്താണെന്ന് ശാസ്ത്രഞ്ജർ |
| 171 | പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും താല്പര്യജനകമായ കണ്ടുപിടുത്തം മറ്റൊന്നായിരുന്നു. ഒരു |
| 172 | തുത്യേക്സിയുടെ ചിത്രം തീരെ കേടുവരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു." ആ ചിത്രത്തിന്റെയും |
| 173 | പിരമിഡിന്റെയും ഫോട്ടോഗ്രാഫും മാസികയിൽ ഉണ്ടായിരുന്നു. |
| 174 | |
| 175 | ചിത്രം കണ്ടപ്പോൾ, മുമ്പ് പരിചയമുള്ളതുപോലെ ഒരു തോന്നൽ. പെട്ടെന്ന് എനിക്കൊരു സംശയം |
| 176 | തോന്നി. |
| 177 | |
| 178 | "ആലീസ്, ആലീസ്" മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കടുത്തസ്വരത്തിൽ ഞാൻ വിളിച്ചു. |
| 179 | "സത്യം പറ. നീ അവിടെ മരുപ്രദേശത്ത് ചെന്നുപെട്ടപ്പോൾ ആ പിരമിഡിൻമേൽ എന്തെങ്ങിലും |
| 180 | വരച്ചുവോ?" |
| 181 | |
| 182 | ഉത്തരം പറയുന്നതിനുമുമ്പ് ആലീസിന്റെ ദൃഷ്ടി മാസികയിലുള്ള ചിത്രത്തിൽ പതിഞ്ഞു. |
| 183 | |
| 184 | "അതെ. അത് ശരിയാണ്. അതച്ഛന്റെ ചിത്രമാണ്. പക്ഷെ, ഞാൻ വരക്കുകയല്ല ചെയ്തത്. ഒരു |
| 185 | കല്ലുകൊണ്ട് കോറിയതാണ്. ഇരുന്നിരുന്ന് എനിക്ക് ബോറടിച്ചു..." |
| 186 | |