--- /dev/null
+
+#തുത്യേക്സി#
+
+ഞാൻ ആലീസിന് ഉറപ്പു കൊടുത്തിരുന്നല്ലോ, ചൊവ്വയിലേക്ക് കൊണ്ടുപോകാമെന്ന്. അവിടെ ഒരു
+കോണ്‍ഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൊണ്ടുപോയി.
+
+ഒരു കുഴപ്പവും കൂടാതെ ഞങ്ങൾ ചൊവ്വയിലിറങ്ങി. ഭാരമില്ലാത്ത അവസ്ഥ അത്ര സുഖമുള്ളതൊന്നുമല്ല.
+എനിക്കത് ഇഷ്ടവുമല്ല. അതുകൊണ്ട് ഞാൻ ബെൽറ്റഴിക്കാതെ സീറ്റിലിരുന്നേയുള്ളു. പക്ഷേ, ആലീസിന്
+രസായി. അവൾ കപ്പലിലാകെ പാറി. ഒരിക്കലവളെ കണ്‍ട്രോൾ ഡക്കിന്റെ തട്ടിൽ നിന്ന്
+പിടിച്ചുവലിക്കേണ്ടി വന്നു. അവൾ ചുവന്ന ബട്ടണ്‍ അമർത്താൻ പോയി. അടിയന്തരാവശ്യത്തിന്
+ബ്രേക്കിടാനുള്ളതാണത്. പക്ഷെ, പൈലറ്റുമാർ അവളോട് ദേഷ്യപ്പെട്ടില്ല.
+
+ചൊവ്വയിലെത്തിയശേഷം ആദ്യം പട്ടണം ചുറ്റിക്കണ്ടു. പിന്നീട് ടൂറിസ്റ്റുകളുടെ കൂടെ മരുപ്രദേശത്ത്
+പോയി. വൻ ഗുഹകൾ കണ്ടു. എല്ലായ്പ്പോഴും ആലീസിന്റെ കൂടെ നില്ക്കാൻ എനിക്ക്
+പറ്റുമായിരുന്നില്ല. ഒരുപാട് പണിയുണ്ട്. ഞങ്ങളുടെ ഒട്ടേറെ സ്പെഷ്യലിസ്റ്റുകൾ ചൊവ്വയിൽ
+പണിയെടുക്കുന്നുണ്ട്. ചൊവ്വക്കാരുടെ സഹായത്തോടെ അവിടെ ഭൂമിയിലേതിന് സദൃശ്യമായ ഒരു പട്ടണം
+ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഡോമിനകത്താണത്. അവിടെ ഭൂമിയിലെ അന്തരീക്ഷമാണ്. ഭൂമിയിലെ
+മരങ്ങളും ചെടികളും വളരുന്നു. ഭൂമിയിൽനിന്ന് കുട്ടികളെ വിനോദയാത്രക്കായി അങ്ങോട്ട്
+കൊണ്ടുപോകാറുണ്ട്. പുറത്തുള്ള പ്രധാന നഗരത്തിലേക്ക് പോകുമ്പോൾ സ്പേസ് സൂട്ട് ധരിക്കണം.
+പുറത്തുള്ള ഓക്സിജൻ നമുക്ക് മതിയാവില്ല. സ്പേസ് സൂട്ടിൽ ഓക്സിജനുണ്ട്.
+
+'ഭൂനഗര'ത്തിലാണ് സ്കൂൾ. താത്യാന പെത്രോവ്ന -- അതാണ് ടീച്ചറുടെ പേര് -- പറഞ്ഞു: "ഒട്ടും
+പരിഭ്രമം വേണ്ട." ആലീസും അതുതന്നെ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ചെല്ലാമെന്ന് പറഞ്ഞ് ഞാൻ
+പോന്നു.
+
+മൂന്നാം ദിവസം ആലീസ് അപ്രത്യക്ഷയായി! എന്ന് പറഞ്ഞാൽ, അവളെ കാണാനില്ലാതായി. തികച്ചും
+അസാധാരണമായവിധത്തിൽ. ആദ്യമേ പറയട്ടെ, ഈ ബോർഡിങ്ങ് സ്കൂളിന്റെ ചരിത്രത്തിൽ ഇതേവരെ
+ഇങ്ങനെ സംഭവമുണ്ടായിട്ടില്ല. പത്ത് മിനിട്ട് നേരത്തേക്ക് ഒരാളെ കാണാതാകുക എന്നത്
+സാധ്യമല്ല. ചൊവ്വയിൽ, പ്രത്യേകിച്ച് പട്ടണത്തിൽ അപ്രത്യക്ഷമാവുക എന്നത് അസാധ്യമാണ്.
+പ്രത്യേകിച്ച് ഭൂമിയിൽ നിന്നുള്ള ഒരു കുട്ടി, സ്പേസ് സൂട്ട് ധരിച്ച കുട്ടി. അതിനെ കാണുന്ന
+ആദ്യത്തെ ചൊവ്വക്കാരൻ തന്നെ തിരിച്ച് സ്കൂളിൽ കൊണ്ടുവന്നാക്കും. പോരാത്തതിന്
+റോബോട്ടുകളില്ലേ? സെക്യൂരിറ്റി സർവീസില്ലേ? സംശയമില്ല. ചൊവ്വയിൽ അപ്രത്യക്ഷമാകാൻ
+പറ്റില്ല.
+
+പക്ഷെ, ആലീസ് അപ്രത്യക്ഷയായിരിക്കുന്നു.