| 1 | #വീഡിയോഫോണ്‍ സംഭവം# |
| 2 | |
| 3 | ആലീസ് ഉറങ്ങുന്നില്ല. വല്ലാത്ത പെണ്ണ്. നേരം മണി പത്തായി. എന്നിട്ടും അവൾ ഉറങ്ങുന്ന |
| 4 | മട്ട് കാണുന്നില്ല. ഞാൻ പറയുന്നു: "ആലീസ്, ഉടനെ ഉറങ്ങിക്കോ ഇല്ലെങ്ങിൽ ........" |
| 5 | |
| 6 | "ഇല്ലെങ്ങിൽ? ഇല്ലെങ്ങിലെന്താ അച്ഛാ?" |
| 7 | |
| 8 | "ഇല്ലെങ്ങിലോ? ഞാൻ വീഡിയോഫോണിൽ [ബാബ-യാഗ][1]യെ വിളിക്കും" |
| 9 | |
| 10 | "ആരാ അച്ഛാ ഈ ബാബ-യാഗ?" |
| 11 | |
| 12 | "ഏങ്, എല്ലാ കുട്ടികൾക്കും ബാബ-യാഗയെ അറിയാലോ! ഗ്ലപ്, ഗ്ലപ് -- പറഞ്ഞാകേക്കാത്ത |
| 13 | കൊച്ചുകുട്ടികളെ പിടിച്ചു തിന്നുന്ന യക്ഷിയാണ് ബാബ-യാഗ" |
| 14 | |
| 15 | "എന്തിനാ അവള് കുട്ടികളെ തിന്നണത്?" |
| 16 | |
| 17 | "അതോ... അതോ... അവള് ചീത്തയാ. പിന്നെ അവൾക്ക് എപ്പോഴും ഭയങ്കര വിശപ്പാണ്." |
| 18 | |
| 19 | "അവൾക്കെന്തിനാ വിശക്ക്ണത്?" |
| 20 | |
| 21 | "അതോ... അതോ... അവളുടെ കുടിലിലേക്ക് ഭക്ഷണം എത്തിക്കുന്ന കുഴൽ ഘടിപ്പിച്ചിട്ടില്ല." |
| 22 | |
| 23 | "എന്തുകൊണ്ട് ഘടിപ്പിച്ചില്ല?" |
| 24 | |
| 25 | "അതോ... അതോ... അവളുടെ കുടിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു ചെറ്റപ്പുരയാണ്, കാടിന്റെ വളരെ |
| 26 | ഉള്ളിലുമാണ്." |
| 27 | |
| 28 | ആലീസിന് താല്പര്യം കൂടിക്കൂടി വരികയാണ്. ഉറക്കം തീരെ പോയി. അവൾ കിടക്കയിൽ |
| 29 | എഴുന്നേറ്റിരുന്നു. |
| 30 | |
| 31 | "ബാബ-യാഗക്ക് വനസംരക്ഷണ വകുപ്പിലാണോ ജോലി?" |
| 32 | |
| 33 | "ദേ, ആലീസ്, നീ ഉറങ്ങുന്നുണ്ടോ? വേഗം ഉറങ്ങിക്കോ, ഇല്ലെങ്ങിൽ..." |
| 34 | |
| 35 | "പക്ഷെ, അച്ഛാ, അച്ഛൻ പറഞ്ഞില്ലേ ബാബ-യാഗയെ വിളിക്കാംന്ന്. ഒന്ന് വിളിക്കൂ അച്ഛാ |
| 36 | ബാബ-യാഗയെ ഒന്നു വിളിക്കൂ." |
| 37 | |
| 38 | "ദേ ഞാൻ' പ്പ വിളിക്കും. പിന്നെ നീ പേടിച്ചു കരയും!" |
| 39 | |
| 40 | ഞാൻ വീഡിയോഫോണിന്റെ അടുത്തേക്ക് നീങ്ങി. ദേഷ്യത്തോടെ കണ്ണിക്കണ്ട ചില ബട്ടണുകൾ |
| 41 | അമർത്തി. ഒരു കണക്ഷനും കിട്ടില്ല, എന്ന് എനിക്ക് ഉറപ്പായിരുന്നു. ബാബ-യാഗ വീട്ടിലില്ല |
| 42 | എന്ന് പറയാം! |
| 43 | |
| 44 | പക്ഷെ, എനിക്ക് തെറ്റുപറ്റി. വീഡിയോഫോണ്‍ സ്ക്രീൻ തെളിഞ്ഞു. ഒരു ക്ലിക് ശബ്ദം കേൾക്കായി. |
| 45 | ലൈനിന്റെ മറ്റേ അറ്റത്ത് ആരോ സ്വീകരിക്കാനുള്ള ബട്ടണ്‍ അമർത്തിയിരുന്നു. ആളുടെ രൂപം |
| 46 | സ്ക്രീനിൽ തെളിയുന്നതിന് മുമ്പുതന്നെ ആരോ ഉറക്കം തൂങ്ങിക്കൊണ്ട് പറഞ്ഞു. "ഇത് ചൊവ്വാ |
| 47 | എംബസിയാണ്." |
| 48 | |
| 49 | "അവള് വര്വോ അച്ഛാ?" ആലീസ് കിടപ്പുമുറിയിൽ നിന്ന് വിളിച്ചു ചോദിച്ചു. |
| 50 | |
| 51 | "അവൾ നല്ല ഉറക്കമാണ്" ദേഷ്യത്തോടെ ഞാൻ പറഞ്ഞു. |
| 52 | |
| 53 | "ഇത് ചൊവ്വാ എംബസിയാണ്" ശബ്ദം ആവർത്തിച്ചു. ഞാൻ വീണ്ടും വീഡിയോഫോണിലേക്ക് തിരിഞ്ഞു. |
| 54 | ചെറുപ്പക്കാരനായ ഒരു ചോവ്വക്കാരൻ എന്റെ മുഖത്തേക്ക് നോക്കുന്നു. അയാൾക്ക് പച്ചക്കണ്ണുകളാണുള്ളത്. |
| 55 | പുരികമില്ല. |
| 56 | |
| 57 | "ക്ഷമിക്കണം" ഞാൻ പറഞ്ഞു. "ഞാൻ ബട്ടണ്‍ അമർത്തിയത് തെറ്റിപ്പോയി." |
| 58 | |
| 59 | ചോവ്വാക്കാരൻ പുഞ്ചിരിച്ചു. അയാൾ എന്നെയല്ല നോക്കുന്നത്. എന്ത്? ആലീസോ. അവൾ |
| 60 | കിടക്കേന്ന് എണീറ്റ് വന്നിരിക്കുന്നു. ചെരിപ്പിടാതെ. |
| 61 | |
| 62 | "നമസ്കാരം" അവൾ ചൊവ്വാക്കാരനെ അഭിവാദനം ചെയ്തു. |
| 63 | |
| 64 | "നമസ്കാരം, കൊച്ചുമോളേ" |
| 65 | |
| 66 | "ബാബ-യാഗ നിങ്ങളുടെ വീട്ടിലാണോ താമസം?" |
| 67 | |
| 68 | "സംഗതി ഇതാണ്" ഞാൻ പറഞ്ഞു. "ആലീസിനോട് എത്ര ഉറങ്ങാൻ പറഞ്ഞിട്ടും അവൾ ഉറങ്ങുന്നില്ല. |
| 69 | അവളെ ശിക്ഷിക്കാൻ ഞാൻ ബാബ-യാഗയെ വീഡിയോഫോണിൽ വിളിക്കയായിരുന്നു. പക്ഷെ നമ്പര്‍ |
| 70 | തെറ്റിപ്പോയി." |
| 71 | |
| 72 | ചൊവ്വാക്കാരൻ വീണ്ടും ചിരിച്ചു. |
| 73 | |
| 74 | "കുഞ്ഞേ, ആലീസ് നീ വേഗം ഉറങ്ങിക്കോ. അതാ നല്ലത്. ഇല്ലെങ്ങിൽ നിന്റെ അച്ഛൻ ബാബ-യാഗയെ |
| 75 | വിളിക്കും." |
| 76 | |
| 77 | ചൊവ്വാക്കാരൻ ടാറ്റ പറഞ്ഞ് വീഡിയോ കെടുത്തി. |
| 78 | |
| 79 | "എന്താ മതിയായില്ലേ, ഇനി ഉറങ്ങാ നല്ലത്, ചൊവ്വയിൽ നിന്നുള്ള അയാൾ പറഞ്ഞത് കേട്ടില്ലേ?" |
| 80 | |
| 81 | "ഞാൻ ഉറങ്ങാൻ പുവ്വാണ്. പിന്നെ അഛാ എന്നേം ചൊവ്വയിലേക്ക് കൊണ്ടുപുവ്വോ?" |
| 82 | |
| 83 | "പറേണപോലെ ഒക്കെ കേക്കാച്ചാൽ, അടുത്ത വേനക്കാലത്ത് കൊണ്ടുപുവ്വാം!" |
| 84 | |
| 85 | അവസാനം ആലീസ് ഉറങ്ങി. കുറെ പണി ചെയ്തുതീർക്കാനുണ്ടായിരുന്നു. രാത്രി ഒരു മണി വരെ |
| 86 | ഇരുന്നു. ഒരു മണി ആയപ്പോൾ വീഡിയോഫോണ്‍ പെട്ടെന്ന് ശബ്ദിക്കാൻ തുടങ്ങി. ഞാൻ ബട്ടണ്‍ |
| 87 | അമർത്തി. എംബസിയിൽ നിന്നുള്ള ആ ചൊവ്വക്കാരനായിരുന്നു അത്. |
| 88 | |
| 89 | "ഈ വൈകിയ നേരത്ത് ഉപദ്രവിക്കുന്നതിൽ ക്ഷമിക്കണം." അയാൾ പറഞ്ഞു. "നിങ്ങളുടെ |
| 90 | വീഡിയോഫോണ്‍ ഓഫാക്കിയിട്ടില്ല. അപ്പോൾ നിങ്ങൾ ഉറങ്ങിയിരിക്കില്ലെന്ന് ഞാൻ കരുതി." |
| 91 | |
| 92 | "ഓ, സാരല്യ" |
| 93 | |
| 94 | "ഒരു സഹായം വേണല്ലോ," ചൊവ്വക്കാരൻ പറഞ്ഞു. "ഇവിടെ എംബസിയിൽ ഞങ്ങൾക്ക്, ആർക്കും |
| 95 | ഉറങ്ങാൻ പറ്റുന്നില്ല. ഞങ്ങൾ എല്ലാ സർവവിജ്ഞാനകോശങ്ങളും പരതിനോക്കി. വീഡിയോഫോണ്‍ |
| 96 | ഡയറക്ടറി നോക്കി. എന്നിട്ടും ഈ ബാബ-യാഗ ആരാണെന്നോ അവൾ എവിടെയാണ് താമസിക്കുന്നതെന്നോ |
| 97 | കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..." |
| 98 | |
| 99 | |
| 100 | [1]: "റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ" |