| 1 | #അപ്രത്യക്ഷരായ ബഹിരാകാശ സന്ദർശകർ# |
| 2 | |
| 3 | സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു. ലാബുല്ലിയന്മാർ ഭൂമിയിൽ ഇറങ്ങാൻ |
| 4 | പോവുകയാണ്. ഇത്രയും ദൂരെയുള്ള ഒരു നക്ഷത്രവ്യൂഹത്തിൽ നിന്ന് ഒരാളും നമ്മുടെ സൗരയൂഥം |
| 5 | സന്ദർശിച്ചിട്ടില്ല. അവരുടെ വരവിനെക്കുറിച്ചുള്ള ആദ്യത്തെ സിഗ്നലുകൾ പ്ലൂട്ടോയിലാണ് |
| 6 | പിടിച്ചെടുത്തത്. മൂന്നുദിവസം കൊണ്ട് ലോന്ദയിലെ റേഡിയോ വാനനിരീക്ഷണാലയവുമായുള്ള ബന്ധം |
| 7 | സ്ഥാപിച്ചെടുത്തു. |
| 8 | |
| 9 | ലാബുല്ലിയന്മാർ ഇപ്പോഴും വളരെ ദൂരെയാണ്. പക്ഷെ ഷെമിത്യവോ കോസ്മോഡ്രോം അവരെ |
| 10 | സ്വീകരിക്കാൻ പൂർണമായും തയാറായിക്കഴിഞ്ഞു. റെഡ്റോസ് ഫാക്ടറിയിൽ നിന്നുള്ള പെണ്കുട്ടികൾ |
| 11 | പൂമാലകൾ കൊണ്ട് അവിടമൊരു പൂങ്കാവനമാക്കി. കവികളുടെ ബിരുദാനന്തര ഡിപ്പാർട്ടുമെന്റിലെ |
| 12 | വിദ്യാർഥികൾ വരവേൽപ്പുഗാനങ്ങൾ രിഹേഴ്സിക്കൊണ്ടിരിക്കയാണ്. എല്ലാ എംബസികൾക്കും സ്വീകരണ |
| 13 | പ്ലാറ്റ്ഫോറത്തിൽ അവരുടെ സ്ഥാനങ്ങൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. കറസ്പോണ്ടർമാര് രാത്രിയും |
| 14 | പകലും കോസ്മോഡ്രോം കന്റീനിൽ തന്നെ കഴിച്ചുകൂട്ടി. |
| 15 | |
| 16 | ആലീസ് അക്കാലത്ത് വ്നൂക്കവൊയിലുള്ള കോട്ടേജിലായിരുന്നു താമസം. ഹെർബേറിയത്തിന് ചെടികൾ |
| 17 | സംഭരിക്കുകയായിരുന്നു. വാന്യയുടെക്കാൾ നല്ല ഒരെണ്ണം വേണം അവൾക്ക്. കിന്റർഗാർട്ടനിൽ |
| 18 | അവളുടെ ഒരുകൊല്ലം സീനിയറാണ് വാന്യ. അതുകൊണ്ട് ലാബുല്ലിയന്മാരെ സ്വീകരിക്കാനുള്ള |
| 19 | തയ്യാറെടുപ്പുകളിലൊന്നും അവൾ പങ്കുകൊണ്ടില്ല. വാസ്തവത്തിൽ അവരുടെ വരവിനെക്കുറിച്ചു പോലും |
| 20 | അവൾക്ക് അറിയാമായിരുന്നില്ല. |
| 21 | |
| 22 | എനിക്കും അതുമായി നേരിട്ട് ബന്ധമൊന്നുമില്ല. അവർ ഇവിടെ എത്തിയതിനുശേഷമേ എനിക്ക് |
| 23 | എന്തെങ്കിലും ചെയ്യാനുള്ളു. |
| 24 | |
| 25 | അതിനിടക്ക് സംഗതികൾ നടന്നത് ഇപ്രകാരമാണ്: മാർച്ച് 8-ന് ലാബുല്ലിയന്മാർ അറിയിച്ചു, തങ്ങൾ |
| 26 | വർത്തുള കക്ഷയിൽ പ്രവേശിക്കാൻ പോവുകയാണെന്ന്. ഏതാണ്ട് അതേ സമയത്ത് ആ ദുരന്തം സംഭവിച്ചു. |
| 27 | റാഡാർ സ്റ്റേഷൻ ലാബുല്ലിയൻ കപ്പലിനു പകരം ഒരു സ്വീഡിഷ് ഉപഗ്രഹവുമായി ബന്ധപ്പെട്ടു. |
| 28 | രണ്ടുകൊല്ലം മുമ്പ് നഷ്ടപ്പെട്ട 'നോബിൾ-29' ആയിരുന്നു അത്. തെറ്റ് കണ്ടുപിടിച്ച് |
| 29 | തിരുത്തിയപ്പോഴേക്കും ലാബുല്ലിയന്മാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ബന്ധം |
| 30 | നഷ്ടപ്പെട്ട സമയത്ത് അവർ ഭൂമിയിലിറങ്ങാൻ തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു. |
| 31 | |
| 32 | മാർച്ച് 9 കാലത്ത് 6:33ന് ലാബുല്ലിയന്മാർ വിളിച്ചു. തങ്ങൾ ഭൂമിയിൽ ഇറങ്ങിയിരിക്കുന്നു. |
| 33 | ഭൂമിയിലെ അക്ഷാംശം 55° 20' വടക്കും രേഖാംശം 37° 40' കിഴക്കുമായ ഒരു സ്ഥാനത്താണ് |
| 34 | വന്നുപെട്ടിരിക്കുന്നത്, പരമാവധി 15'ന്റെ പിശകുണ്ടാകാം -- അതായത്, മോസ്കോവിൽ നിന്ന് ഏറെ |
| 35 | ദൂരെയല്ലാതെ. |
| 36 | |
| 37 | വീണ്ടും ബന്ധം അറ്റുപോയി. എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല. ഭൂമിയിൽനിന്നുള്ള വികിരണം |
| 38 | ലാബുല്ലിയൻ ഉപകരണങ്ങളെ വല്ലാതെ കേടുവരുത്തിയെന്നു തോന്നുന്നു. |
| 39 | |
| 40 | ഒരായിരം കാറുകൾ നാലുപുറത്തേക്കും പായാൻ തുടങ്ങി, വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. |
| 41 | ഹെലികോപ്റ്റർ, ഹോവർക്രാഫ്റ്റ്, ഓർണിത്തോപ്ടർ, ചുഴലിമാന്തി, പ്രൊപ്പോവിങ്... എന്നു വേണ്ട, |
| 42 | പറക്കുന്ന തരത്തിലുള്ള എന്തെല്ലാം യന്ത്രങ്ങളുണ്ടോ അവയെല്ലാം മാനത്തേക്ക് പൊന്തി. |
| 43 | മോസ്കോനഗരത്തിനു മേൽ ഇവ വെട്ടുകിളിപ്പറ്റത്തെപ്പോലെ കാണപ്പെട്ടു. ആകാശം ഇരുണ്ടപോലിരുന്നു. |
| 44 | ലാബുല്ലിയന്മാർ ചുറ്റുവട്ടത്ത് എവിടെയായാലും, എന്തിന്, ഭൂമിക്കടിയിലാണെങ്കിൽ പോലും |
| 45 | കണ്ടുപിടിക്കപ്പെടേണ്ടതാണ്. |
| 46 | |
| 47 | പക്ഷെ, അവരുടെ അഡ്രസില്ല. |
| 48 | |
| 49 | ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുംതന്നെ സ്പേസ്ഷിപ്പ് താഴത്ത് വരുന്നത് കണ്ടിട്ടില്ല. മോസ്കോവിലും |
| 50 | പരിസരത്തുമുള്ള എല്ലാ മനുഷ്യരും, കൊച്ചുകുട്ടികൾ പോലും, അവർ ഇറങ്ങിയെന്നു പറഞ്ഞ സമയത്ത് |
| 51 | മാനത്തേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. |
| 52 | |
| 53 | എന്തോ അബദ്ധം പിണഞ്ഞിട്ടുണ്ട്, സംശയമില്ല. |
| 54 | |
| 55 | വൈകുന്നേരം ഓഫീസിൽ നിന്ന് കോട്ടേജിലേക്ക് മടങ്ങി. ഭൂമിയിലെ ദൈനംദിന ജീവിതം ആകെ |
| 56 | ക്രമം തെറ്റിയിരിക്കുന്നു. ആർക്കും ഒന്നിനും മൂഡില്ല. സന്ദർശകർക്ക് എന്തെങ്കിലും അബദ്ധം |
| 57 | പറ്റിയിരിക്കുമോ -- അതാണ് എല്ലാവരുടെയും പേടി. |
| 58 | |
| 59 | "ഒരു വേള അവർ ആന്റിമാറ്റർ കൊണ്ടുണ്ടാക്കിയതാവാം. ഭൂമിയിലെ അന്തരീക്ഷത്തിൽ |
| 60 | പ്രവേശിച്ചപ്പോൾ അപ്രത്യക്ഷമായിക്കാണും." മോണോറെയിൽ ട്രെയിനിൽ ഒരാൾ തട്ടിവിട്ടു. |
| 61 | |
| 62 | "എന്ത്, ഒരു സ്ഫോടനവും കൂടാതെയോ? ഒരു തെളിവും അവശേഷിപ്പിക്കാതെയോ? സാധ്യമല്ല!" |
| 63 | |
| 64 | "പക്ഷെ, ആന്റിമാറ്ററിന്റെ ഗുണധർമങ്ങളെക്കുറിച്ച് നമുക്കെന്തറിയാം." |
| 65 | |
| 66 | "ഞങ്ങൾ ഭൂമിയിലിറങ്ങിയിരിക്കുന്നു എന്ന റേഡിയോ സന്ദേശം പിന്നെ ആരാ അയച്ചത്." |
| 67 | |
| 68 | "ആരെങ്കിലും തമാശക്ക് ചെയ്തതായിരിക്കും." |
| 69 | |
| 70 | "ഇങ്ങനത്തെ തമാശയോ! ഈ സമയത്തോ." |
| 71 | |
| 72 | "അപ്പോ പ്ലൂട്ടോയുമായി സംസാരിച്ചതും അയാളായിരിക്കുമോ." |
| 73 | |
| 74 | "ഒരുവേള അവർ അദൃശ്യരായിരിക്കാം." |
| 75 | |
| 76 | "പക്ഷെ, നമ്മുടെ റേഡിയോ ലൊക്കേറ്റർ കണ്ടുപിടിക്കാതിരിക്കില്ല..." |
| 77 | |
| 78 | തർക്കം തുടർന്നു. അവർ അദൃശ്യരായിരിക്കുമെന്നുള്ള സിദ്ധാന്തത്തിനാണു ഭൂരിപക്ഷം കിട്ടിയത്. |
| 79 | |
| 80 | ഞാൻ അതേപ്പറ്റി ചിന്തിച്ചുകൊണ്ട് വരാന്തയിലിരുന്നു. അവർ ഇവിടെ തൊട്ടടുത്താണ് |
| 81 | ഇറങ്ങിയിട്ടുള്ളതെന്ന് വരരുതോ. കഷ്ടം, സാധുക്കൾ. എന്തുകൊണ്ടാണ് ഈ ഭൂമിയിലുള്ളവർ തങ്ങളെ |
| 82 | അന്വേഷിച്ചു വരാത്തത്, അവരെ അവഗണിക്കുന്നതെന്തുകൊണ്ടാണ് എന്നൊക്കെ അവർ |
| 83 | അദ്ഭുതപ്പെടുകയായിരിക്കും. ഒരു വേള അവർ പരിഭവിച്ച് തിരിച്ച് പറക്കാൻ |
| 84 | തുടങ്ങുകയായിരിക്കും... ഞാൻ പുറത്തിറങ്ങി പാടത്തേക്ക് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. |
| 85 | അപ്പോഴാണ് കാട്ടിൽ നിന്ന് ഒരു സെറ്റ് ആളുകൾ പുറത്തുവരുന്നത് കണ്ടത്. അവർ തപ്പിതപ്പിക്കൊണ്ട് |
| 86 | നടക്കുകയാണ്. കാണാൻ പറ്റാത്തവരെ തൊടാനെങ്കിലും പറ്റിയെങ്കിലോ |
| 87 | എന്നാശിച്ചുകൊണ്ടായിരിക്കണം! |
| 88 | |
| 89 | അതാ, പെട്ടെന്ന് ലോകത്തുള്ള എല്ലാ റേഡിയോ നിലയങ്ങളും കൂടി ആയിരം നാക്കുകളോടെ |
| 90 | സംസാരിക്കാൻ തുടങ്ങി. വടക്കൻ ആസ്ത്രേലിയയിലെ ഒരു അമേച്വർ റേഡിയോസ്റ്റേഷൻ |
| 91 | പിടിച്ചെടുത്ത് ടേപ്പു ചെയ്ത ഒരു കമ്മ്യൂണിക്കെ ആയിരുന്നു അത്. ലാബുല്ലിയന്മാരുടെ കമ്മ്യൂണിക്കെ. |
| 92 | നേരത്തെ പറഞ്ഞ അക്ഷാംശവും രേഖാംശവും വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിക്കെ തുടർന്നു: 'ഞങ്ങൾ |
| 93 | കാട്ടിലാണ്. നിങ്ങളെ അന്വേഷിക്കാനായി ആദ്യത്തെ പാർട്ടിയെ അയച്ചിട്ടുണ്ട്. ഞങ്ങൾ |
| 94 | നിങ്ങളുടെ പ്രക്ഷേപണത്തിന് ട്യൂണ് ചെയ്തിരിക്കയാണ്. പക്ഷെ, അദ്ഭുതമെന്നു പറയട്ടെ, ബന്ധം |
| 95 | കിട്ടുന്നില്ല...' ഇവിടെ കമ്മ്യൂണിക്കെ മുറിയുന്നു. |
| 96 | |
| 97 | അവർ അദൃശ്യജീവികളാണ് എന്ന പക്ഷക്കാരുടെ കൂട്ടത്തിൽ കുറെക്കൂടി ലക്ഷം ആളുകൾ കൂടി. |
| 98 | |
| 99 | ലാബുല്ലിയന്മാരെ അന്വേഷിച്ചിറങ്ങിയ കൂട്ടർ കാട്ടിലേക്ക് വെച്ചടിച്ചു. ആ സമയത്താണ് ആലീസ് |
| 100 | വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. അവളുടെ കയ്യിൽ ഒരു കുട്ടനിറയെ കാട്ടു സ്റ്റ്രാബറിപഴങ്ങളുണ്ട്. |
| 101 | |
| 102 | "അവരൊക്കെ എന്തിനാ അങ്ങട്ടും ഇങ്ങട്ടും ഓടുന്നേ? ഹല്ലോ പറയാനുംകൂടി നില്ക്കാതെ?" അവൾ |
| 103 | ചോദിച്ചു. |
| 104 | |
| 105 | "ആരാണ് ഈ 'അവർ'. നീയാണ് 'ഹല്ലോ' പറയാത്തത്. നിന്റെ അച്ഛനെ, ഒരേ ഒരച്ഛനെ കാലത്ത് |
| 106 | മുതൽ ഇതേവരെ നീ കണ്ടില്ലല്ലോ." |
| 107 | |
| 108 | "ഇന്നലെ രാത്രിക്കുശേഷം! അച്ഛൻ കാലത്തു പോകുമ്പോഴും ഞാൻ ഉറങ്ങുകയായിരുന്നല്ലോ. പക്ഷെ, |
| 109 | എന്തിനാ ആളുകൾ കിടന്നോടുന്നത്?" |
| 110 | |
| 111 | "ലാബുല്ലിയന്മാരെ കാണാനില്ല" ഞാൻ മറുപടി പറഞ്ഞു. |
| 112 | |
| 113 | "എനിക്കവരെ അറിയില്ല." |
| 114 | |
| 115 | "ഇതുവരെ ആർക്കും അവരെ അറിയില്ല..." |
| 116 | |
| 117 | "എങ്കിൽപിന്നെ അവരെ കാണാണ്ടായതെങ്ങനെ?" |
| 118 | |
| 119 | "അവർ ഭൂമിയിലേക്ക് പറന്നുവരികയായിരുന്നു. ഭൂമിയിലിറങ്ങുകയും ചെയ്തു. അതിനുശേഷം |
| 120 | അഡ്രസില്ല." |
| 121 | |
| 122 | ഞാൻ എന്തൊക്കെയോ വിഡ്ഢിത്തം പുലമ്പുകയാണെന്നു തോന്നി. പക്ഷെ, സത്യം അതാണല്ലൊ. |
| 123 | |
| 124 | ആലീസ് സംശയത്തോടെ എന്നെ നോക്കി. |
| 125 | |
| 126 | "ഇങ്ങനെയൊക്കെ സംഭവിക്കുമോ?" |
| 127 | |
| 128 | "ഇല്ല, സാധാരണനിലയിൽ ഇല്ല." |
| 129 | |
| 130 | "പക്ഷെ, അവർക്ക് കോസ്മോഡ്രോം കാണാൻ പറ്റില്ലേ." |
| 131 | |
| 132 | "പറ്റിയിട്ടില്ലായിരിക്കണം." |
| 133 | |
| 134 | "എവിടെയാണ് അവരെ കാണാതായത്." |
| 135 | |
| 136 | "മോസ്കോവിനടുത്ത് എവിടെയോ? ഒരുവേള നമ്മുടെ ഈ കൊട്ടേജിൽനിന്ന് ഏറെ ദൂരെ ആയിരിക്കില്ല." |
| 137 | |
| 138 | "ഹെലികോപ്ടറിലും കാൽനടയായിട്ടും ഒക്കെ ആളുകൾ അവരെ തിരക്കുകയാണ് അല്ലേ?" |
| 139 | |
| 140 | "അതെ." |
| 141 | |
| 142 | "എന്താ, അവർക്ക് നേരിട്ട് നമ്മുടെ അടുത്തേക്ക് വന്നുകൂടെ?" |
| 143 | |
| 144 | "ഒരു വേള നമ്മൾ അങ്ങോട്ട് ചെല്ലുന്നതും കാത്തിരിക്കുകയായിരിക്കും. അവർ ആദ്യമായല്ലേ |
| 145 | ഭൂമിയിൽ വരുന്നത്. സ്പേസ്ഷിപ് വിട്ടിറങ്ങാൻ ഭയമായിരിക്കും." |
| 146 | |
| 147 | ആലീസ് നിശ്ശബ്ദയായി. എന്റെ ഉത്തരംകൊണ്ട് തൃപ്തിപ്പെട്ടെന്നവണ്ണം അവൾ എന്തോ മനോരാജ്യം |
| 148 | വിചാരിച്ചുകൊണ്ട് വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും രണ്ടുചാൽ നടന്നു. കയ്യിലുള്ള |
| 149 | സ്റ്റ്രാബറിക്കുട്ട നിലത്തുവെക്കാതെ. പെട്ടെന്നവൾ ചോദിച്ചു. |
| 150 | |
| 151 | "അവർ കാട്ടിലാണോ, പാടത്താണോ?" |
| 152 | |
| 153 | "കാട്ടിൽ." |
| 154 | |
| 155 | "എങ്ങനെ അറിയാം?" |
| 156 | |
| 157 | "അവർതന്നെ പറഞ്ഞു. റേഡിയോവിൽകൂടെ." |
| 158 | |
| 159 | "നല്ലത്." |
| 160 | |
| 161 | "എന്തു നല്ലത്?" |
| 162 | |
| 163 | "അവർ പാടത്തല്ല എന്നത്." |
| 164 | |
| 165 | "അതിലെന്താ ഇത്ര നല്ലതുള്ളത്?" |
| 166 | |
| 167 | "ഞാനവരെ കണ്ടോ എന്ന് സംശയിച്ചുപോയി." |
| 168 | |
| 169 | "അതെങ്ങനെയാ?" |
| 170 | |
| 171 | "ഏയ് ഒന്നുമില്ല. ഞാൻ വെറുതെ പറയായിരുന്നു." ഞാൻ പെട്ടെന്ന് ചാടി എണീറ്റു. |
| 172 | എനിക്കെന്റെ ആലീസിനെ അറിയാം. |
| 173 | |
| 174 | "ഇല്ല, അച്ഛാ, സത്യമാണ്. ഞാൻ കാട്ടിലേക്ക് പോയിട്ടേ ഇല്ല. സത്യം. സത്യം. ഞാൻ |
| 175 | പാടത്ത് പോയതാ. ഞാനവരെ കണ്ടില്ല. സത്യം." |
| 176 | |
| 177 | "ആലീസ് സത്യം പറ. നീ കണ്ടതൊക്കെ പറ. നിന്റെ വക പൊടിപ്പും തൊങ്ങലും ഒന്നും ചേർക്കണ്ട. |
| 178 | കാട്ടിൽ അസാധാരണമായി നീ എന്തെങ്ങിലും കണ്ടോ?" |
| 179 | |
| 180 | "ഞാൻ സത്യമാ പറയുന്നതച്ഛാ. ഞാൻ കാട്ടിലേക്ക് പോയിട്ടില്ല." |
| 181 | |
| 182 | "ശരി എങ്കിൽ പാടത്ത്." |
| 183 | |
| 184 | "ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അവരെ കണ്ടാൽ അസാധാരണമായി ഒന്നും തോന്നേം ഇല്ല." |
| 185 | |
| 186 | ഞാനാകെ ഉദ്വിഗ്നനായി. |
| 187 | |
| 188 | "ആലീസ്, സത്യം പറ. വളച്ചുകെട്ടാതെ. എവിടെ വെച്ചായിരുന്നു? എന്താ നീ കണ്ടത്? എന്നെ |
| 189 | വിഷമിപ്പിക്കാതെ. മാനവസമൂഹത്തെയാകെ പീഡിപ്പിക്കാതെ." |
| 190 | |
| 191 | "അച്ഛനാണോ മാനവസമൂഹം?" |
| 192 | |
| 193 | "നോക്ക് ആലീസ്..." |
| 194 | |
| 195 | "ശരി, ശരി. അവരിവിടെത്തന്നെയുണ്ട്. ഇതാ, അവരെന്റെ കൂടെവന്നു." |
| 196 | |
| 197 | ഞാൻ തിരിഞ്ഞുനോക്കി. വരാന്തയിൽ ആരുമില്ലായിരുന്നു. |
| 198 | |
| 199 | "അച്ഛാ, അവിടെയല്ലച്ഛാ." ആലീസ് നെടുവീർപ്പിട്ടുകൊണ്ട് എന്റെ അടുത്തുവന്നു. "ഞാൻ അവരെ |
| 200 | എന്റെകൂടെ നിർത്താമെന്ന് വിചാരിച്ചു. മാനവസമൂഹം മുഴുവൻ അവരെ |
| 201 | തിരക്കിക്കൊണ്ടിരിക്കയാണെന്ന് ഞാനറിഞ്ഞില്ല അച്ഛാ." |
| 202 | |
| 203 | അവൾ സ്റ്റ്രാബറി നിറച്ച ആ കുട്ടാ എന്റെ കയ്യിൽ തന്നു. ങേ! ഇതെന്താണ്? അവിശ്വസനീയം. |
| 204 | അതിനകത്തതാ രണ്ടു കൊച്ചുജീവികൾ സ്പേസ് സൂട്ടും അണിഞ്ഞുകൊണ്ട്. അവരുടെ മേലെല്ലാം |
| 205 | സ്ട്രാബറിച്ചാറ് പുരണ്ടിരിക്കുന്നു. |
| 206 | |
| 207 | "ഞാൻ അവരെ ഒന്നും ചെയ്തിട്ടില്ല." ആലീസ് തെല്ല് കുറ്റബോധത്തോടെ പറഞ്ഞു. "ഞാൻ |
| 208 | വിചാരിച്ചു അവ കൊച്ചു കുട്ടിച്ചാത്തൻമാരാണ് എന്ന്." |
| 209 | |
| 210 | ഞാൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. കുട്ട കയ്യിലെടുത്തുകൊണ്ട് ഞാൻ |
| 211 | വീഡിയോഫോണിന്റെ സമീപത്തേക്ക് ഓടി. ഇവർക്ക് പുൽക്കൊടികൾ വൻ വൃക്ഷങ്ങളായി തോന്നിയതിൽ |
| 212 | അദ്ഭുതപ്പെടാനില്ല. |
| 213 | |
| 214 | അങ്ങനെയാണ് ലാബുല്ലിയന്മാരുമായുള്ള ആദ്യ ബന്ധം സ്ഥാപിച്ചത്. |
| 215 | |
| 216 | |